ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകൾ കൂടുന്നു . സ്പാ സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയതിന് പിന്നാലെ മൊബൈല്‍ ബാങ്കിംഗ് കൂടുതല്‍ എളുപ്പമായി തുടങ്ങി. പണമിടപാടുകള്‍ക്കായി ബാങ്കുകളില്‍ തന്നെ എത്തണം എന്ന രീതി ഇതോടെ മാറിത്തുടങ്ങി. അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കാനോ, പണം കൈമാറ്റം ചെയ്യുന്നതിനോ ഒന്നുംതന്നെ ബാങ്ക് സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതായി. എന്നാല്‍ മൊബൈല്‍ ബാങ്കിംഗ് കാര്യങ്ങള്‍ എളുപ്പമാക്കിയതിനോടൊപ്പം തന്നെ ചില പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. അക്കൗണ്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇവ.

ബാങ്കിംഗ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കൂടിവന്നു കൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോള്‍. അതിനാല്‍ തന്നെ മൊബൈല്‍ ബാങ്കിംഗ് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. മൊബൈല്‍ ബാങ്കിംഗിന് ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സുരക്ഷയ്ക്കായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

🔰ഡേറ്റ ബായ്ക്ക്അപ്പ് ചെയ്ത് സൂക്ഷിക്കുക.

നിങ്ങളുടെ ബാങ്കിംഗ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ബായ്ക്ക്അപ്പ് ചെയ്ത് സൂക്ഷിക്കുക. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാലും വിവരങ്ങള്‍ തിരികെ ലഭിക്കുന്നതിന് ഇത് സഹായിക്കും.

🔰ഐഇംഇഐ നമ്പര്‍ സൂക്ഷിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ 15 അക്ക ഐഇംഇഐ നമ്പര്‍ ( ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി) എപ്പോഴും കൈയില്‍ സൂക്ഷിക്കുക. മൊബൈല്‍ നഷ്ടപ്പെട്ടാലും അവ കണ്ടെത്തുന്നതിന് ഈ നമ്പര്‍ സഹായിക്കും.

🔰എപ്പോഴും ഫോണ്‍ ലോക്ക്‌ചെയ്ത് സൂക്ഷിക്കുക.

സ്മാര്‍ട്ട്‌ഫോണുകള്‍ എപ്പോഴും ലോക്ക്‌ചെയ്ത് സൂക്ഷിക്കുക. സ്‌ക്രീന്‍ലോക്കോ, പിന്‍ നമ്പരോ, ഫിംഗര്‍പ്രിന്റ് ലോക്കോ ഉപയോഗിക്കുക. ഇത് മറ്റുള്ളവര്‍ അനാവശ്യമായി നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ സഹായിക്കും.

🔰ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

കംപ്യൂട്ടറില്‍ നിന്ന് മൊബൈലിലേക്ക് ഡേറ്റ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ആന്റിവൈറസ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്നതിന് മറക്കരുത്. മാല്‍വെയറുകള്‍ കടന്നുകൂടിയിട്ടുള്ള ഫയലുകള്‍ ഫോണില്‍ എത്താതിരിക്കാന്‍ ഇത് സഹായിക്കും.

🔰ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക.

നിങ്ങളുടെ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം എപ്പോഴും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. ഇതുവഴിയായി പുതിയ സെക്യൂരിറ്റി ഫീച്ചറുകള്‍ ലഭിക്കും. വൈറസ് ആക്രമണങ്ങളില്‍ നിന്ന് ഫോണിന് സംരക്ഷിക്കുന്നതിന് ഇതിന് സാധിക്കും.

🔰ഫോണ്‍ ഒരിക്കലും മറന്നുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

🔰ഉപയോഗമില്ലാത്ത സമയത്ത് ആപ്ലിക്കേഷനുകള്‍ ഓപ്പണ്‍ ചെയ്തിടരുത്. ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

🔰പരിചയമില്ലാത്തവരുമായി നെറ്റുവര്‍ക്ക് പങ്കിടുകയോ വൈഫൈ ഉപയോഗിക്കുകയോ ചെയ്യരുത്.

🔰ബാങ്ക് അക്കൗണ്ടിന്റെ യൂസര്‍നെയിം, പാസ്‌വേര്‍ഡ് എന്നിവ ഒരിക്കലും ഫോണില്‍ സൂക്ഷിക്കരുത്.

🔰ഹാക്ക് ചെയ്യപ്പെട്ട സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഒരിക്കലും ഡേറ്റ മറ്റ് ഫോണുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യരുത്.